District News
പത്തനംതിട്ട: കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ ഓപ്പറേഷൻ തൂഫാൻ ( നാർക്കോ ഹണ്ട് ) പദ്ധതിയിൽ വാരിയേഴ്സ് പരിശീലനത്തിനു തുടക്കമായി.
വിദ്യാർഥികളിലും യുവജനങ്ങളിലും ലഹരിക്കെതിരേയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ യുവാക്കളെയും പൊതുജനങ്ങളെയും മറ്റ് വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച സന്നദ്ധ സേനയാണ് തൂഫാൻ വാരിയേഴ്സ്.
പരിശീലന പരിപാടി പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തിൽ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 470 ഓളം തൂഫാൻ വാരിയേഴ്സാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. പത്തനംതിട്ട ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലെ നിയമവശങ്ങളെക്കുറിച്ച് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.എൽ. ഷിബു വിശദീകരിച്ചു. ലഹരി മരുന്നിന് അടിമപ്പെട്ടവരെ കണ്ടെത്തുന്നതിനും അവരെ ബോധവത്കരണത്തിലൂടെയും കൗൺസിലിംഗിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള മാർഗങ്ങൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. പി.ടി. സന്ദേഷ്, മല്ലപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. ബോബി ചെറിയാൻ സക്കറിയ എന്നിവർ ക്ലാസുകൾ നയിച്ചു. അഡീഷണൽ എസ്പി ടി. വിജയൻ സ്വാഗതവും പത്തനംതിട്ട ജില്ല നാർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ.എസ്. പ്രകാശ് നന്ദിയും പറഞ്ഞു.
വിവരങ്ങൾ കൈമാറാൻ വാട്സ്ആപ്പ് നന്പറുകൾ
ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പോലീസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സ്വമേധയാ മുന്നോട്ടുവന്ന തൂഫാൻ വാരിയേഴ്സിനെ ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു. ലഹരി ഉത്പന്നങ്ങൾ സൂക്ഷിച്ചു വയ്ക്കൽ, അവയുടെ വില്പന, കൈമാറ്റം തുടങ്ങി ഏതു കാര്യത്തെക്കുറിച്ചും ഏതുസമയത്തും വാരിയേഴ്സിന് വിവരങ്ങൾ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുവായ വിവരങ്ങൾ കൈമാറുന്നതിന് വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കുമെന്നും, രഹസ്യ വിവരങ്ങൾ കൈമാറുന്നതിന് 9995966666 എന്ന വാട്സ്ആപ്പ് നമ്പർ ഏതൊരാൾക്കും ഉപയോഗിക്കാവുന്നതാെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കൂടാതെ ഫോൺ വഴി വിവരങ്ങൾ കൈമാറുന്നതിനായി 9497979794 , 9497927797 എന്നീ നമ്പറുകൾ ഉപയോഗിക്കാം.
അറിയിക്കുന്ന വിവരങ്ങൾ അതീവ രഹസ്യം ആയിരിക്കുമെന്നും ഇക്കാര്യത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുക്കപ്പെടുകയും ഇന്ന് പരിശീലനം നേടുകയും ചെയ്തവർ മാത്രമല്ല ഓരോ പൗരനും തൂഫാൻ വാരിയേഴ്സ് ആണെന്നും ലഹരി വിപത്തിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിനും അതുവഴി ലഹരിക്കെതിരേ പോരാടുന്നതിനും എല്ലാവരും മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ: 295 പേർ അറസ്റ്റിൽ
കഴിഞ്ഞ മൂന്നിന് ലഹരിക്കെതിരേ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട് പദ്ധതി 20 ദിവസം പിന്നിടുമ്പോൾ ജില്ലയിലാകെ കഞ്ചാവ്, എംഡിഎംഎ എ ഉൾപ്പെടെയുള്ള നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗം വിപണനം എന്നിവയ്ക്കെതിരേ 105 കേസുകൾ രജിസ്റ്റർ ചെയ്യുകയും 116 പേർ അറസ്റ്റിലാകുകയും ചെയ്തു.
സ്കൂൾ പരിസരങ്ങളിൽ ഉൾപ്പെടെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിപണനം സംബന്ധിച്ച് 177 കേസുകൾ രജിസ്റ്റർ ചെയ്തു. 179 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഓപ്പറേഷൻ തഫാൻ ആരംഭിച്ച ശേഷം ജില്ലയിൽ 282 കേസുകൾ രജിസ്റ്റർ ചെയ്യുകയും 295 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ നടന്ന റെയ്ഡില് 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള് പിടിച്ചെടുത്തതായി ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുന്നതിനും എന്ഫോഴ്സ്മെന്റ് നടപടികള് വിപുലീകരിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഏജന്സികളുമായി കൈകോര്ത്തുകൊണ്ട് മള്ട്ടി ഡിജിറ്റല് ഇന്റഗ്രേഷന് പ്രോജക്ട് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൂഫാന് വാരിയറായി പ്രവര്ത്തിക്കാന് നടന് മോഹന്ലാല് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
അദ്ദേഹത്തെ കൂടാതെ നിരവധി സിനിമാതാരങ്ങളും ലഹരിക്കെതിരേ അണിനിരക്കാന് സ്വയം സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്. തൂഫാന് വാരിയേഴ്സ് ആയി എല്ലാവരും മുന്നോട്ടുവരണമെന്നും ആഭ്യന്തരമന്ത്രി അഭ്യര്ഥിച്ചു. കേന്ദ്ര ഏജന്സികളെ പങ്കെടുപ്പിച്ചുകൊണ്ട് പോലീസ് ആസ്ഥാനത്തു നടത്തിയ ഇന്റര് ഏജന്സി കോ-ഓര്ഡിനേഷന് യോഗത്തിനുശേഷം പത്രസമ്മേളനത്തില് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓപ്പറേഷന് തൂഫാന് പദ്ധതി തുടങ്ങി 15 ദിവസം പിന്നിടുമ്പോള് ആകെ 2575 കേസുകളാണു രജിസ്റ്റര് ചെയ്തിട്ടുള്ളത്. 2778 പേരാണ് അറസ്റ്റിലായത്. ഇവരില്നിന്നായി 1589 ഗ്രാം എംഡിഎംഎ, 146.490 കിലോഗ്രാം കഞ്ചാവ്, 464.045 ഗ്രാം ഹാഷിഷ് ഓയില്, 350.439 ഗ്രാം ബ്രൗണ് ഷുഗര്, 11 എല്എസ്ഡി സ്റ്റാമ്പുകള്, 141 കഞ്ചാവ് ചെടികള് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്ത്തനങ്ങളുടെ ഫലമായാണു കഴിഞ്ഞ ദിവസങ്ങളില് രണ്ടു വിദേശികളെ ഡല്ഹി, ബെംഗളൂരു എന്നിവിടങ്ങളില്നിന്ന് അറസ്റ്റ് ചെയ്യാന് കഴിഞ്ഞത്.
ലഹരിവ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് അറസ്റ്റ് നടപടികളോടൊപ്പംതന്നെ ബോധവത്കരണവും പോലീസ് ഉറപ്പുവരുത്തുന്നുണ്ട്. ഇതിനായി വിവിധ ജില്ലകളിലായി 1526 ബോധവത്കരണ ക്ലാസുകളും 138 കൗണ്സലിംഗുകളും നടത്തിയിട്ടുണ്ട്. ലഹരിവ്യാപനം തടയുക, ഉറവിടം കണ്ടെത്തി നശിപ്പിക്കുക എന്നീ ഉദ്ദേശ്യത്തോടെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പുതിയ സംരംഭവും ആരംഭിച്ചിട്ടുണ്ട്.
തൂഫാന് സ്ട്രൈക്ക്, തൂഫാന് വാരിയേഴ്സ്, തൂഫാന് കെയര് എന്നീ മൂന്നു ഘട്ടങ്ങളിലായി ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്ന്ന് വണ് മില്യണ് തൂഫാന് ഗോള്സ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിനും വ്യാപനം തടയുന്നതിനും ശക്തമായ ശിക്ഷാ നടപടികള് സ്വീകരിക്കുന്നതിനും കേന്ദ്ര-സംസ്ഥാന ഏജന്സികളുടെ സഹകരണം നിര്ണായകമാണ്. തൂഫാന് പദ്ധതി വിജയിപ്പിക്കാന് എല്ലാ ഏജന്സികളും അവരുടെ സഹായ സഹകരണങ്ങള് വാഗ്ദാനം ചെയ്തിട്ടുണ്ട്. എയര്പോര്ട്ടുകള്, സീപോര്ട്ടുകള് എന്നിവിടങ്ങളില് സമയബന്ധിതമായി യോഗങ്ങള് ചേരും.
ശാസ്ത്രീയ നടപടിക്രമങ്ങളിലൂടെ ലഹരിവേട്ട ഫലപ്രദമാക്കും. ലഹരിവസ്തുക്കള് കണ്ടെത്തുന്നതിന് പോലീസ് നായകള്ക്ക് പ്രത്യേക പരിശീലനം നല്കും. ലോക ലഹരി വിരുദ്ധ ദിനമായ ജൂണ് 26ന് എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎല്എമാരുടെ സാന്നിദ്ധ്യത്തില് ബോധവത്കരണ പരിപാടികള് സംഘടിപ്പിക്കാന് ഉദ്ദേശിക്കുന്നുണ്ട്.
വിവിധ കേന്ദ്ര എജന്സികള് ഈ പദ്ധതിക്ക് വലിയ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്നത്തെ യോഗത്തില് ഉണ്ടായ അഭിപ്രായങ്ങളുടെയും നിര്ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില് ഓപ്പറേഷന് തൂഫാന് നടപടിക്രമങ്ങളില് മാറ്റം വരുത്തും. മാത്രമല്ല, കൂടുതല് ശാസ്ത്രീയ രീതികള് അവലംബിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പത്രസമ്മേളനത്തിന് മുന്പ് നടന്ന ഇന്റര് ഏജന്സി കോ-ഓര്ഡിനേഷന് യോഗത്തില് ആഭ്യന്തര വകുപ്പുമന്ത്രിക്ക് പുറമേ, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്, ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവും റിട്ട. ഡിജിപിയുമായ എ.ഹേമചന്ദ്രന് എന്നിവരും പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര് കസ്റ്റംസ്, കോസ്റ്റ് ഗാര്ഡ്, നാര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ, റവന്യൂ ഇന്റലിജന്സ്, കോസ്റ്റല് പോലീസ്, സംസ്ഥാന ഇന്റലിജന്സ്, കേരള എക്സൈസ്, സെന്ട്രല് ഇന്ഡസ്ട്രിയല് സെക്യൂരിറ്റി ഫോഴ്സ്, റെയില്വേ പ്രൊട്ടക്ഷന് ഫോഴ്സ്, നാഷണല് ടെക്നിക്കല് റിസര്ച്ച് ഓര്ഗനൈസേഷന്, എസ്ഐബി, ഡിആര്ഐ, എഫ്ആര്ആര്ഒ തുടങ്ങിയ വകുപ്പുകളില്നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും സംസാരിച്ചു.
Kerala
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ വന്പൻ തോൽവിയെത്തുടർന്ന് പാർട്ടിയിൽ വേണ്ട തിരുത്തലുകൾ വരുത്തുമെന്നു പറഞ്ഞ സിപിഎം നേതൃത്വം കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സംസ്ഥാനസമിതി യോഗത്തിനുശേഷം പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങി.
തോൽവിയെ സംബന്ധിച്ചു പാർട്ടി ഘടകങ്ങളിലെല്ലാം ഉയർന്ന വിമർശനങ്ങളും നിർദേശങ്ങളും നേതാക്കൾ സംസ്ഥാന സമിതിയിൽ അതേ ഗൗരവത്തോടെ അവതരിപ്പിച്ചെങ്കിലും രണ്ടു ദിവസത്തെ യോഗം കഴിഞ്ഞപ്പോൾ അതെല്ലാം ആവിയായി. ഇനി രണ്ടു മാസത്തിനുശേഷം തോൽവി വിശദമായി വീണ്ടും പരിശോധിക്കാമെന്നു പറഞ്ഞു പാർട്ടി നേതൃത്വം തടിതപ്പി. ഇതോടെ തെറ്റുതിരുത്തൽ സിപിഎമ്മിൽ നനഞ്ഞ പടക്കമായി.
തെരഞ്ഞെടുപ്പു തോൽവിയെ സംബന്ധിച്ച് പാർട്ടി ഏരിയ കമ്മിറ്റി വരെയുള്ള ഘടകങ്ങൾ പരിശോധിച്ച കാര്യങ്ങളാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ടായി തയാറാക്കുകയും സംസ്ഥാന സമിതിയിൽ അവതരിപ്പിക്കുകയും ചെയ്തത്. എന്നാൽ, സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് ഗൗരവമായ പരിശോധനയ്ക്ക് ഉതകുന്ന ഒന്നല്ലെന്ന കടുത്ത വിമർശനം സംസ്ഥാന സമിതിയിൽ ഉണ്ടായി.
►►രൂക്ഷവിമർശനം
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് നിഷ്ക്രിയമാണെന്നും ഇങ്ങനെയൊരു സെക്രട്ടേറിയറ്റ് പാർട്ടിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നുംവരെയുള്ള വിമർശനം നേതാക്കൾ നടത്തി. പക്ഷേ സംസ്ഥാന സമിതിയിൽ മറുപടി പറഞ്ഞ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, വിമർശനങ്ങൾ കുറിച്ചെടുത്തല്ലാതെ ഗൗരവമായ മറുപടിക്കു മെനക്കെട്ടില്ല.
ഇടതു സർക്കാരിനെതിരേ വന്ന വിമർശനങ്ങൾക്കു മറുപടി പറയാതെ പാർട്ടി പോളിറ്റ്ബ്യൂറോ അംഗംകൂടിയായ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസ്ഥാന സമിതിയിൽ മൗനിയായി. പാർട്ടി നേതൃയോഗങ്ങളിൽ ആദ്യാവസാനം പങ്കെടുത്ത സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ദേശീയ രാഷ്ട്രീയം മാത്രം പറഞ്ഞു ഡൽഹിക്കു മടങ്ങി. ഇപ്പോൾ പാർട്ടി ബ്രാഞ്ചുകളിൽ തോൽവി സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുകയാണ്.
പിണറായി വിജയനും എം.വി.ഗോവിന്ദനും തന്നെയാണ് ഇവിടെയും വിമർശനവിധേയർ. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മുതൽ സംസ്ഥാന നേതാക്കളെവരെ പേരെടുത്തു പറഞ്ഞു ബ്രാഞ്ചുകളിൽ വിമർശിക്കുകയാണ്.
ഒന്നിനും കൊള്ളാത്ത മന്ത്രിമാർ, തലക്കനം മാത്രമുള്ള ജില്ലാ നേതാക്കൾ, ചാനൽ മൈക്കുകൾ കാണുന്പോൾ നിലതെറ്റി സംസാരിക്കുന്നവർ ഇങ്ങനെയായിരുന്നു ജില്ലാ കമ്മിറ്റികളിൽ വരെ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനമുയർന്നത്. എന്നാൽ, ഇതൊന്നും തങ്ങളെക്കുറിച്ചല്ലെന്ന നിഷേധാത്മകമായ സമീപനമാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ചത്.
ഇനി എത്ര പറഞ്ഞാലും എത്ര പരിശോധിച്ചാലും സെക്രട്ടേറിയറ്റിന്റെ ഈ റിപ്പോർട്ട് തിരുത്താനാകില്ല. ഇല്ലെങ്കിൽ സിപിഎം കേന്ദ്ര കമ്മിറ്റി അതിനു തയാറാകണം. നിലവിലെ സാഹചര്യത്തിൽ അങ്ങനെയൊരു നീക്കം ആരും പ്രതീക്ഷിക്കുന്നുമില്ല.
►►സ്ഥാനാർഥി നിർണയം പാളി
കണ്ണൂർ ജില്ലയിലടക്കം സ്ഥാനാർഥിനിർണയത്തിൽ വലിയ പാളിച്ച ഉണ്ടായെന്നായിരുന്നു സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണനും തളിപ്പറന്പിൽ ടി.കെ. ഗോവിന്ദനും ജയിക്കുമെന്നു ആരും കരുതിയില്ലെന്ന തികച്ചും ദുർബലമായ വാദമാണു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നേതൃയോഗങ്ങളിൽ നടത്തിയത്. ആരെ ഭയന്നിട്ടാണോ, സംസ്ഥാനത്തു ഭരണവിരുദ്ധ വികാരം ഇല്ലായിരുന്നുവെന്നും പറഞ്ഞു സ്ഥാപിക്കാൻ സംസ്ഥാന സമിതിയിൽ അദ്ദേഹം നന്നേ പാടുപെട്ടു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ സംസ്ഥാന സമിതിയിൽ ഉയർന്ന വിമർശനങ്ങൾക്കും ഗോവിന്ദൻ ചെവികൊടുത്തില്ല. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം മുതൽ സ്വർണക്കൊള്ളവരെ തോൽവിയുടെ കാരണങ്ങളിൽ പ്രധാന പങ്കുവഹിച്ചുവെന്നു കഴിഞ്ഞ സംസ്ഥാന സമിതിയിലും നേതാക്കൾ പറഞ്ഞിട്ടും അതൊന്നും കേട്ടഭാവംപോലും പിണറായിയോ ഗോവിന്ദനോ കാണിച്ചില്ല.
ചുരുക്കത്തിൽ, നിയമസഭാ തെരഞ്ഞെടുപ്പു തോൽവി പരിശോധിക്കാൻ കൂടിയ രണ്ടു ദിവസത്തെ സംസ്ഥാന സമിതി യോഗം ഒരു തിരുത്തലും വരുത്തിയില്ലെന്നു മാത്രമല്ല, കാതലായ ഒരു സംഘടനാ തീരുമാനവും കൈക്കൊള്ളാനാകാതെ പിരിയുകയും ചെയ്തു.
കേരളത്തിലെ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ ചേർന്ന പോളിറ്റ്ബ്യൂറോ യോഗത്തിൽ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിക്കുന്നതിൽ ശക്തമായ എതിർപ്പുണ്ടായി. ഇക്കാര്യത്തിൽ പിബിയിൽ വോട്ടെടുപ്പുവരെ ഉണ്ടായെന്നു സംസ്ഥാന സെക്രട്ടേറിയറ്റിലോ സംസ്ഥാന സമിതിയിലോ സമ്മതിക്കാൻ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി തയാറായില്ല. ബേബിയുടെ ഈ നിലപാടിൽ പിബിയിലെ മിക്ക നേതാക്കൾക്കും എതിർപ്പുണ്ട്.
അടുത്ത സംസ്ഥാന സമിതി യോഗം ഓഗസ്റ്റ്വരെ നീട്ടിയതിനു പിന്നിൽ പിണറായി വിജയന്റെ ഇടപെടൽ ഉണ്ടായെന്ന വിവരമാണു പാർട്ടി നേതാക്കൾതന്നെ നൽകുന്നത്.
District News
ഇരിങ്ങാലക്കുട: ഓപ്പറേഷന് തൂഫാന്റെ ഭാഗമായുള്ള അറസ്റ്റുകള് തുടരുന്നു.
താഴേക്കാട് പൊണോളി വീട്ടില് ആയുഷ് ജയന്(22), ആളൂര് പൊരുന്നംകുന്ന് പുള്ളൂര് കരിവാന്വീട്ടില് വിഷ്ണുദേവ്(22), വരന്തരപ്പിള്ളി വേലൂപ്പാടം കുട്ടഞ്ചിറ മണകുളങ്ങരപ്പറമ്പില്വീട്ടില് മുനീര്(30), മാള കുരുവിലശേരി വലിയപറമ്പ് പൊട്ടേക്കരന് വീട്ടില് രോഹിത്(18), വെള്ളിക്കുളങ്ങര നാലകത്തുവീട്ടില് ഫൈസല് അബ്ദുള്ള (41), ഉത്തര്പ്രദേശ് നിസാമാബാദ് സ്വദേശി ബ്രിജ്മോഹന്(53), അന്തിക്കാട് പുത്തന്പ്പീടിക സ്വദേശി മാളിയേക്കല് വീട്ടില് ഫ്രാങ്കി ജോണ്(52), കാരമുക്ക് സ്വദേശി പുത്തന്പുരക്കല്വീട്ടില് സുരേഷ് (50) എന്നിവര്കൂടി പോലീസ് പിടിയിലായി. പ്രതികളെ റിമാന്ഡ് ചെയ്തു.
കൊരട്ടി: കുട്ടികൾ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് വിൽപന നടത്തുന്നതിനായി കഞ്ചാവ് കൈവശം സൂക്ഷിച്ചിരുന്ന യുവാവിനെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. കാടുകുറ്റി മേപ്പറമ്പിൽ വീട്ടിൽ അവിനാഷ്(22) ആണ് പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. നാലിന് രാത്രി എട്ടരയോടെ കൊരട്ടി റെയിൽവേ സ്റ്റേഷൻ പാർക്കിംഗിന് സമീപം പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്.
സംശയാസ്പദമായ സാഹചര്യത്തിൽകണ്ട യുവാവിനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നേരത്തെ രജിസ്റ്റർചെയ്ത മയക്കുമരുന്ന് ഉപയോഗക്കേസിലും അവിനാഷ് പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കൊരട്ടി എസ്ഐ അരുൺകുമാറിന്റെ നേതൃത്വത്തിൽ ജിഎഎസ്ഐ നാഗേഷ്, സിപിഒമാരായ ശ്രീജിത്ത്, വിഷ്ണുചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വിദ്യാർഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി കഞ്ചാവ് സൂക്ഷിച്ചിരുന്ന യുവാവിനെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി കുറ്റിച്ചിറ പുളിങ്കര സ്വദേശി പനപ്പിള്ളി വീട്ടിൽ ശ്രീരാഗ്(26) ആണ് പിടിയിലായത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ഇളമ്പ്ര ഉന്നതി റോഡിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പ്രതിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. കൊരട്ടി എസ്ഐ പി. മുഹമ്മദ് മുഹ്സിന്റെ നേതൃത്വത്തിൽ ജിഎഎസ്ഐ ജോയ്, ജിഎസ്സിസിപിഒമാരായ ടോമി, പ്രവീൺ, സിപിഒ ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
District News
കോട്ടയം : ജില്ലയിലെ വിവിധ ഭാഗങ്ങളില് കഴിഞ്ഞ ഒന്നുമുതല് അഞ്ചുവരെ നടത്തിയ ലഹരിവിരുദ്ധ പരിശോധനകളില് അഞ്ച് ദിവസത്തിനിടെ ആകെ 40 എന്ഡിപിഎസ് കേസുകള് രജിസ്റ്റര് ചെയ്യുകയും 45 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പരിശോധനകളില് 207.39 ഗ്രാം കഞ്ചാവ്, ഏഴ് കഞ്ചാവ് ബീഡികള് എന്നിവയും 33 മറ്റ് ലഹരി/നിരോധിത വസ്തുക്കളും പിടിച്ചെടുത്തു.
പുകയില നിയന്ത്രണ നിയമമായ സിഒടിപിഎ പ്രകാരവും വ്യാപക പരിശോധനകള് നടന്നു. അഞ്ച് ദിവസത്തിനിടെ 74 കേസുകള് രജിസ്റ്റര് ചെയ്യുകയും 74 പേർക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തു.
ചങ്ങനാശേരിയില് അഞ്ചിനു വൈകുന്നേരം 4.15 ഓടെ കുരിശുംമൂട് ഭാഗത്തുനിന്നു ചങ്ങനാശേരി ഭാഗത്തേക്ക് വരികയായിരുന്ന വെള്ള നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാര് പാറേല് പള്ളിക്ക് സമീപമുള്ള ജിയോ പെട്രോള് പമ്പ് ഭാഗത്ത് പോലീസ് തടഞ്ഞുനിര്ത്തി പരിശോധന നടത്തിയതില് 2.11 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി.
കാർ ഓടിച്ചിരുന്ന തൃക്കൊടിത്താനം പുതുപ്പറമ്പ് മാഹിന് സല്മാന് മുഹമ്മദിനെ (31) ദേഹപരിശോധന നടത്തിയപ്പോള് ചെറിയ സിപ്പ്-ലോക്ക് കവറുകളിലായി സൂക്ഷിച്ചിരുന്ന വെള്ള നിറത്തിലുള്ള ക്രിസ്റ്റല് രൂപത്തിലുള്ള പദാര്ഥം കണ്ടെത്തി. പരിശോധനയില് ഇത് എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചു. പ്രതിയുടെ കാറില് നിന്നൂം ഗ്ലാസ് സ്മോക്കിംഗ് പൈപ്പ്, റോളിംഗ് പേപ്പര്, മൊബൈല് ഫോണ്, പണം, തിരിച്ചറിയല് രേഖകള് എന്നിവയും പോലീസ് കണ്ടെടുത്തു.
പ്രതി സഞ്ചരിച്ച കാര് ഉള്പ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങനാശേരി സബ് ഇന്സ്പെക്ടര് സജിത്ത് മോന്റെ നേതൃത്വത്തില് ജൂണിയര് എസ്ഐ എ. ഫാത്തിമ, സിപിഒമാരായ എം.എ. നിയാസ്, ശരത് കമലാസനന്, എസ്സിപിഒ തോമസ് സ്റ്റാന്ലി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് ഇന്സ്പെക്ടര് ബി. അനീഷ് പരിശോധനയ്ക്ക് നേതൃത്വം നല്കി. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില് ഹാജരാക്കി.
വിവരമറിയിക്കാം
ലഹരി ഉപയോഗവും പുകയില ഉത്പന്നങ്ങളുടെ അനധികൃത വില്പനയും തടയുന്നതിനായി തൂഫാന് - ദി നര്കോട്ടിക് ഹണ്ട് എന്ന പേരില് ഊര്ജിതമായ പരിശോധനകളും അറസ്റ്റുകളും തുടര്ന്നുവരുന്നു. ലഹരി വസ്തുക്കളുടെ വിപണനമോ കൈമാറ്റമോ ശ്രദ്ധയില്പ്പെട്ടാല് താഴെ തന്നിരിക്കുന്ന നമ്പറുകളില് വിവരമറിയിക്കാം.
9497979794, 9497927797, 9995966666
National
ബിക്കാനീർ: രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മണൽക്കാറ്റും മഴയും. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ ഉണ്ടായ മണൽക്കാറ്റ് നഗരത്തിൽ ഇരുട്ടുപരത്തി. കാഴ്ചാപരിധി പൂജ്യത്തിലേക്ക് താഴ്ന്നതോടെ റോഡുകളിൽ വാഹനങ്ങൾ ഹെഡ്ലൈറ്റുകൾ തെളിയിച്ചാണ് സഞ്ചരിച്ചത്.
വടക്കുപടിഞ്ഞാറൻ രാജസ്ഥാനിലെ ബിക്കാനീർ, ഗംഗാനഗർ, ഹനുമാൻഗഢ്, ചുരു, സിക്കാർ, ജുൻജുനു, ജയ്പുർ, നാഗൗർ തുടങ്ങിയ ജില്ലകളിൽ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിലുള്ള അതിശക്തമായ മണൽക്കാറ്റാണ് വീശിയടിച്ചത്. ജയ്പുരിൽ പത്ത് മിനിറ്റോളം നീണ്ടുനിന്ന മണൽക്കാറ്റിന് പിന്നാലെ ശക്തമായ മഴ പെയ്തു.
പെട്ടന്നുണ്ടായ കാലാവസ്ഥാമാറ്റം ജനങ്ങളിൽ പരിഭ്രാന്തി പരത്തി. മരങ്ങൾ കടപുഴകി വീണതും വൈദ്യുത ലൈനുകൾ തകർന്നതും പലയിടങ്ങളിലും വൈദ്യുതി തടസപ്പെടാൻ കാരണമായി.
National
കോൽക്കത്ത: ബംഗാളിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം. എട്ട് പേരാണ് അപകടങ്ങളിൽ മരിച്ചത്. മണിക്കൂറിൽ 88 കിലോമീറ്റർ വേഗതയിലാണ് കൊടുങ്കാറ്റ് വീശിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി സുവേന്ദു അധികാരി നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
കോൽക്കത്തായിലെ സർക്കുലർ റെയിൽവേ ട്രാക്കിലേക്ക് വൈദ്യുതി ലൈനുമായി ഒടിഞ്ഞുവീണ മാവിനടിയിൽപ്പെട്ട് ഒരാൾ മരിച്ചു. ചേത്ലയിൽ തകരാറിലായ കെട്ടിടത്തിന്റെ കൈവരി തകർന്നു വീണ് പ്രവീൺ കുമാർ എന്ന യുവാവ് മരിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങളും ചില്ലകളും ഒടിഞ്ഞുവീണുണ്ടായ നാല് അപകടങ്ങളിലായി മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മിഡ്നാപ്പൂരിൽ രണ്ട് വിദ്യാർഥികളും പുരുലിയയിൽ മൂന്ന് പേരും ഝാർഗ്രമിൽ ഒരാളും കൊടുങ്കാറ്റിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചു.
കോൽക്കത്തയിലും സാൾട്ട് ലേക്കിലുമായി 65- ൽ ആധികം മരങ്ങൾ കടപുഴകി വീഴുകയും 60- ൽ അധികം മരങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മൈതാൻ, രവീന്ദ്ര സരോവൻ പ്രദേശങ്ങളെയാണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം കോൽക്കത്തായിലെ വിമാനത്താവളത്തിന്റെ പ്രവർത്തനം വെള്ളിയാഴ്ച ഒരു മണിക്കൂറോളം നിർത്തിവയ്ക്കേണ്ടി വന്നു. പത്തിലേറെ വിമാനങ്ങൾക്ക് ലാൻഡിംഗ് അനുമതി ലഭിക്കാതെ നഗരത്തിന് മുകളിൽ ഏറെ നേരം വട്ടമിട്ട് പറക്കേണ്ടി വന്നതായി അധികൃതർ പറഞ്ഞു.
അതേസമയം, കനത്ത മഴയെത്തുടർന്ന് നഗരത്തിലെ താപനിലയിൽ ഏഴ് ഡിഗ്രി സെൽഷ്യസ് വരെ കുറവുണ്ടായി. ഒരു മണിക്കുറിൽ 40 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
National
ലക്നോ: ഉത്തർപ്രദേശിൽ കനത്ത മഴയിലും അതിശക്തമായ കാറ്റിലും ഇടിമിന്നലേറ്റും 111 പേർ മരിച്ചു. 72 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി. വീടിന്റെ മേൽകൂരകൾ പറന്നുപോവുകയും റോഡുകൾ തകരുകയും ചെയ്തു. മേയ് 13 ന് 89 പേർ കൊല്ലപ്പെടുകയും 72 പേർക്ക് പരിക്കേൽക്കുകയും 200 ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തുവെന്ന് റിലീഫ് കമ്മീഷണറുടെ ഓഫീസ് ആദ്യം അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ മരണസംഖ്യ വീണ്ടും ഉയരുകയായിരുന്നു.
ഏകദേശം 12 ജില്ലകളിലാണ് മരണങ്ങൾ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് പ്രയാഗ്രാജിന് ചുറ്റുമുള്ള പ്രദേശത്താണ്. ദുരന്തബാധിതരെ സഹായിക്കാനും 24 മണിക്കൂറിനുള്ളിൽ ഇവർക്ക് സാമ്പത്തിക സഹായം കൈമാറാനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതരോട് നിർദേശിച്ചിട്ടുണ്ട്.
മൺസൂൺ മഴ എത്തുന്നതിന് മുമ്പുള്ള മാർച്ച് മുതൽ ജൂൺ വരെയുള്ള ഉഷ്ണകാലത്ത് വടക്കൻ സംസ്ഥാനത്ത് കൊടുങ്കാറ്റുകൾ സാധാരണമാണ്.
Kerala
കോഴിക്കോട്: കോഴിക്കോട്ട് ആഞ്ഞടിച്ച കൊടുങ്കാറ്റില് തകര്ന്നടിഞ്ഞ് എല്ഡിഎഫ്. 2001നുശേഷം യുഡിഎഫിനെ നിഷ്പ്രഭമാക്കി ഇടതുപക്ഷം നടത്തിയ തേരോട്ടത്തിന് ഇക്കുറിയുണ്ടായത് കനത്ത തിരിച്ചടി.
കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളില് 12ഉം യുഡിഎഫ് തൂത്തുവാരി. 2021ല് യുഡിഎഫ്-02, എല്ഡിഎഫ്-11 എന്നിങ്ങനെയായിരുന്നു കക്ഷിനില. 20 വര്ഷത്തിനു ശേഷം ആദ്യമായി കോഴിക്കോട് ജില്ലയില് കോണ്ഗ്രസിന് നാല് എംഎല്എമാര് പിറന്നു.
കേരളത്തില് ആദ്യമായി മുസ്ലിം ലീഗിന് വനിതാ എംഎല്എ ഉണ്ടായതും കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്. പേരാമ്പ്രയില് നിന്ന് ജനവിധി തേടിയ എല്ഡിഎഫ് കണ്വീനര് ടി.പി. രാമകൃഷ്ണന് (76), കന്നിയങ്കം കുറിച്ച മുസ്ലിം ലീഗിലെ തീപ്പൊരി വനിതാ നേതാവ് അഡ്വ. ഫാത്തിമ തഹ്ലിയയ്ക്കു (34) മുന്നില് ചാമ്പലായത് കേരള രാഷ്ട്രീയ ചരിത്രത്തിലെ വലിയ അട്ടിമറികളിലൊന്നായി.
ബേപ്പൂരില്നിന്ന് പി.എ. മുഹമ്മദ് റിയാസ് 2021ലേക്കാള് കുറഞ്ഞ ഭൂരിപക്ഷത്തിന് യുഡിഎഫിലെ പി.വി. അന്വറിനോടു ജയിച്ചതുമാത്രമാണ് ഇടതുപക്ഷത്തിന് ഇക്കുറി നേരിയ ആശ്വാസമായത്. 20 വര്ഷമായി ഇടതുകോട്ടകളായി നിലനിന്നിരുന്ന മണ്ഡലങ്ങളില് പലതും തകര്ന്നടിഞ്ഞു.
പാര്ട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്പ്പ് മറികടന്ന് വീണ്ടും പടക്കളത്തിലിറങ്ങിയ എണ്പതുകാരനായ സിറ്റിംഗ് എംഎല്എ എ.കെ. ശശീന്ദ്രനെ ജനം വീട്ടിലിരുത്തി. എ.കെ. ശശീന്ദ്രന്, ടി.പി. രാമകൃഷ്ണന് എന്നിവര്ക്കു പുറമെ സിറ്റിംഗ് എംഎല്എമാരായ കെ.എം. സച്ചിന്ദേവ്, പി.ടി.എ. റഹീം, തോട്ടത്തില് രവീന്ദ്രന്, ലിന്റോ ജോസഫ്, അഹമ്മദ് ദേവര്കോവില്, കെ.പി. കുഞ്ഞമ്മദ്കുട്ടി എന്നിവരും കനത്ത തോല്വി ഏറ്റു വാങ്ങി.
45 വര്ഷത്തിൽ ആദ്യമായാണ് ബാലുശേരിയില് ചെങ്കൊടി മാഞ്ഞത്. സിറ്റിംഗ് എംഎല്എ കെ.എം. സച്ചിന്ദേവിനെ കോണ്ഗ്രസിലെ വി.ടി. സൂരജാണ് തോല്പ്പിച്ചത്. കഴിഞ്ഞ രണ്ടു തവണ കുന്നമംഗലത്ത് എല്ഡിഎഫ് സ്വതന്ത്രനായി വിജയിച്ച പി.ടി.എ. റഹീമിനെ മുസ്ലിം ലീഗിലെ എം.എ. റസാഖാണ് തറപറ്റിച്ചത്. ജില്ലയില് പുതുമുഖങ്ങളെ അടക്കം രംഗത്തിറക്കി കോണ്ഗ്രസും ലീഗും നടത്തിയ പരീക്ഷണങ്ങള് വിജയം കണ്ടു.
District News
ചങ്ങനാശേരി: കൊടിയ ഉഷ്ണത്തിന് ആശ്വാസമായി കൊടുങ്കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ വേനൽ മഴ. ഇന്നലെ വൈകുന്നേരം 5.30ന് ആരംഭിച്ച മഴ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇടിമിന്നലും കൊടുങ്കാറ്റും ശക്തമായിരുന്നെങ്കിലും അപകട സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം ശരിവയ്ക്കുന്ന തരത്തിലാണ് ഇന്നലെ മഴ പെയ്തത്.
കൊടിയ വേനൽച്ചൂടിനെത്തുടർന്ന് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. തദ്ദേശ സ്ഥാപനം ശുദ്ധജല വിതരണം നടത്തുന്നുണ്ടെങ്കിലും കുടിവെള്ള ക്ഷാമം പൂർണമായി പരിഹരിക്കപ്പെടാനാവുന്നില്ല. ഈ അവസ്ഥയിലാണ് ശക്തമായ മഴ ആശ്വാസമായത്.
വൈദ്യുതി ബന്ധം തകരാറിലായി
മാടപ്പള്ളി: കാറ്റിനെയും മഴയെയും തുടർന്ന് തെങ്ങണ, തൃക്കൊടിത്താനം സെക്ഷനുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങി. കുന്നുംപുറം, നാലുകോടി, മുക്കാട്ടുപടി, മോസ്കോ, വെങ്കോട്ട, മാമ്മൂട്, കുറുമ്പനാടം പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്.
വൈദ്യുതി ഉദ്യോഗസ്ഥരെത്തി കുറച്ചുസ്ഥലങ്ങളിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. കൂടുതൽ സ്ഥലങ്ങളിൽ ഒരു പോലെ വൈദ്യുതി ബന്ധം തടസപ്പെട്ടാൽ പരിഹരിക്കാൻ സെക്ഷനുകളിൽ വേണ്ടത്ര ജീവനക്കാരില്ലെന്ന പരാതിയുണ്ട്.
NRI
ഹൂസ്റ്റൺ: വാരാന്ത്യത്തിൽ ഹൂസ്റ്റൺ നഗരത്തിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഹൂസ്റ്റണിൽ നടക്കുന്ന ലൈവ്സ്റ്റോക്ക് ഷോ ആൻഡ് റോഡിയോ പരിപാടികളെ ഈ കാലാവസ്ഥ ബാധിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച ഉച്ച മുതൽ ഞായറാഴ്ച വരെ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഫോക്സ് 26 സ്റ്റോം അലർട്ട് നിലവിലുണ്ട്.
ഒന്ന് മുതൽ മൂന്ന് ഇഞ്ച് വരെ മഴയ്ക്കും ചിലയിടങ്ങളിൽ നാല് ഇഞ്ചിലധികം മഴയ്ക്കും സാധ്യതയുണ്ട്. എൻആർജി പാർക്കിൽ റോഡിയോ കാണാൻ എത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ശക്തമായ കാറ്റും ആലിപ്പഴ വീഴ്ചയും ഉണ്ടായേക്കാം.
കനത്ത മഴ മൂലം റോഡുകളിൽ വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുണ്ട്. ഞായറാഴ്ച കാറ്റിന്റെ വേഗത കുറയുമെങ്കിലും മഴ തുടരാനാണ് സാധ്യത. അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിലും മഴ തുടരുമെങ്കിലും ബുധനാഴ്ചയോടെ എത്തുന്ന തണുത്ത കാറ്റ് അന്തരീക്ഷത്തിലെ ഈർപ്പം കുറയ്ക്കുകയും താപനില താഴ്ത്തുകയും ചെയ്യും.
പുറത്തിറങ്ങുന്നവർ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ അഭയം പ്രാപിക്കാൻ തയാറായിരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
International
മനില: ഫിലിപ്പീൻസിൽ കനത്ത നാശം വിതച്ച കൽമയേഗി കൊടുങ്കാറ്റ് വിയറ്റ്നാമിലേക്കു നീങ്ങാൻ തുടങ്ങി. ഫിലിപ്പീൻസിൽ 114 പേരാണു മരിച്ചത്. 127 പേരെ കാണാതാവുകയും 82 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യാപകമായി നാശനഷ്ടങ്ങളുമുണ്ടായി.
കൊടുങ്കാറ്റിനോട് അനുബന്ധിച്ചുള്ള പേമാരിയിൽ സെബു ദ്വീപിലെ എല്ലാ പട്ടണങ്ങളും മുങ്ങിയെന്നാണ് ഫിലിപ്പീനി വൃത്തങ്ങൾ അറിയിച്ചത്. ഭൂരിഭാഗം മരണങ്ങളും സെബു ദ്വീപിലാണ്. ഫിലിപ്പീനി പ്രസിഡന്റ് ഫെർഡിനാന്റ് മർക്കോസ് ജൂണിയർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി ഇന്നലെ അറിയിച്ചു.
വിയറ്റ്നാമിലേക്കു നീങ്ങാൻ തുടങ്ങിയ കൊടുങ്കാറ്റിനു വേഗം വർധിച്ചിട്ടുണ്ട്. വിയറ്റ്നാമിന്റെ മധ്യഭാഗങ്ങളിൽ കനത്ത നാശം വിതയ്ക്കുമെന്നാണു നിഗമനം. തീരപ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ എട്ടു വിമാനത്താവളങ്ങൾ പ്രവർത്തനം നിർത്തിവച്ചു.